ക്രിസ്ത്യാനികളായി ജീവിക്കാം
ശിക്ഷണം—യഹോവയുടെ സ്നേഹത്തിന്റെ ഒരു തെളിവ്
ആവശ്യമായ ഉപദേശം നൽകുന്നതും പഠിപ്പിക്കുന്നതും ആണ് ശിക്ഷണത്തിൽ പ്രധാനമായും ഉൾപ്പെട്ടിരിക്കുന്നത്. എന്നാൽ തിരുത്തലോ ശിക്ഷയോ നൽകുന്നതും അതിന്റെ ഭാഗമാണ്. സ്വീകാര്യമായ രീതിയിൽ നമ്മൾ യഹോവയെ ആരാധിക്കുന്നതിനാണ് യഹോവ നമുക്കു ശിക്ഷണം നൽകുന്നത്. (റോമ 12:1; എബ്ര 12:10, 11) ശിക്ഷണം കിട്ടുന്നത് ചിലപ്പോൾ വേദനയുണ്ടാക്കിയേക്കാം. എന്നാൽ അതിനനുസരിച്ച് പ്രവർത്തിക്കുന്നെങ്കിൽ യഹോവയുടെ മുന്നിൽ നമ്മൾ നീതിമാന്മാരായിത്തീരും, ദൈവത്തിൽനിന്നുള്ള അനുഗ്രഹവും നേടും. (സുഭ 10:7) ശിക്ഷണം നൽകുന്നവരും സ്വീകരിക്കുന്നവരും ഏതു കാര്യം മനസ്സിൽപ്പിടിക്കണം?
നൽകുന്നവർ. മൂപ്പന്മാരും മാതാപിതാക്കളും മറ്റുള്ളവരും യഹോവയെപ്പോലെ ദയയോടെയും സ്നേഹത്തോടെയും ശിക്ഷണം നൽകാൻ ശ്രമിക്കുന്നു. (യിര 46:28) ശിക്ഷണം നൽകേണ്ട സാഹചര്യങ്ങളിൽ ചെയ്ത തെറ്റിനനുസരിച്ചുള്ള ശിക്ഷണമേ നൽകാവൂ, അതു സ്നേഹത്തോടെ നൽകുകയും വേണം.—തീത്ത 1:13.
സ്വീകരിക്കുന്നവർ. ശിക്ഷണം ഏതു തരത്തിലുള്ളതായാലും നമ്മൾ ഒരിക്കലും അതു നിരസിക്കരുത്. പകരം ഉടൻ അതനുസരിച്ച് പ്രവർത്തിക്കണം. (സുഭ 3:11, 12) അപൂർണ മനുഷ്യരായ നമുക്കെല്ലാം ശിക്ഷണം ആവശ്യമാണ്. പല രീതിയിൽ അതു നമുക്കു ലഭിച്ചേക്കാം. നമ്മൾ വായിക്കുന്ന ഒരു ബൈബിൾഭാഗത്തുനിന്നോ സഭായോഗത്തിൽനിന്നോ ആയിരിക്കാം നമുക്ക് അതു ലഭിക്കുന്നത്. ചിലപ്പോൾ ഒരു നീതിന്യായക്കമ്മിറ്റിയിൽനിന്നുള്ള ശിക്ഷണം ചിലർക്ക് ആവശ്യമായിവന്നേക്കാം. ശിക്ഷണം സ്വീകരിക്കുന്നെങ്കിൽ നമ്മുടെ ജീവിതം മെച്ചപ്പെടും, നിത്യജീവനും ലഭിക്കും.—സുഭ 10:17.
“യഹോവ താൻ സ്നേഹിക്കുന്നവർക്കു ശിക്ഷണം നൽകുന്നു” എന്ന വീഡിയോ കണ്ടിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയുക:
-
ക്യാനന്റെ ജീവിതം തുടക്കത്തിൽ എങ്ങനെയായിരുന്നു, പിന്നീട് എന്തു മാറ്റം വന്നു?
-
യഹോവയിൽനിന്ന് സ്നേഹത്തോടെയുള്ള എന്തു ശിക്ഷണമാണ് അദ്ദേഹത്തിനു ലഭിച്ചത്?
-
ക്യാനന്റെ ജീവിതത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?