ക്രിസ്ത്യാനികളായി ജീവിക്കാം
സെപ്റ്റംബറിൽ ബൈബിൾപഠനങ്ങൾ തുടങ്ങാനുള്ള പ്രത്യേക പ്രചാരണപരിപാടി
സെപ്റ്റംബറിൽ ജീവിതം ആസ്വദിക്കാം ലഘുപത്രിക ഉപയോഗിച്ച് എല്ലാ വീടുകളിലും ബൈബിൾപഠനം തുടങ്ങാൻ നമ്മൾ ഒരു കൂട്ടായ ശ്രമം നടത്തും. 30 മണിക്കൂർ വ്യവസ്ഥയിൽ സഹായ മുൻനിരസേവനം ചെയ്യാൻ സഹോദരങ്ങൾക്ക് അവസരം ഉണ്ടായിരിക്കും. ഈ പ്രത്യേക പ്രചാരണപരിപാടി നമ്മൾ എങ്ങനെയാണു ചെയ്യാൻപോകുന്നത്?
-
ആദ്യസന്ദർശനത്തിൽ: നന്നായി സംസാരിച്ചുകൊണ്ടും സ്നേഹത്തോടെ ഇടപെട്ടുകൊണ്ടും വെറുതെ ഒരു സംഭാഷണം തുടങ്ങുക. ആ സംഭാഷണം തുടർന്നുകൊണ്ടുപോകാൻ ശ്രമിക്കുക. (ഫിലി 2:4) ഇങ്ങനെ പല തവണ സംസാരിച്ചശേഷം പതുക്കെ ഏതെങ്കിലും ഒരു ആത്മീയവിഷയത്തിലേക്കു കടക്കുക. ആ വ്യക്തി ശരിക്കും താത്പര്യം കാണിക്കുകയും തുടർന്ന് സംസാരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നെങ്കിൽ ബൈബിൾപഠനത്തെക്കുറിച്ച് പറയുക. ഈ പ്രചാരണപരിപാടിയിൽ നമ്മുടെ സന്ദേശത്തോട് താത്പര്യം കാണിച്ചവരെയും മടക്കസന്ദർശനം നടത്തുന്നവരെയും വിട്ടുപോകരുത്. മുമ്പ് അവർക്ക് ബൈബിൾ പഠിക്കുന്ന കാര്യം ഇഷ്ടമില്ലായിരുന്നിരിക്കാം. എന്നാൽ പുതിയ ലഘുപത്രികയും പഠനരീതിയും അവരെ ആകർഷിച്ചേക്കാം. ആളില്ലാത്ത വീടുകളിൽ ഈ ലഘുപത്രിക ഇട്ടിട്ടുപോകരുത്. മുമ്പ് താത്പര്യം കാണിച്ചിട്ടില്ലാത്തവർക്കു കത്തുകൾ എഴുതുമ്പോൾ അതോടൊപ്പം ലഘുപത്രിക അയയ്ക്കുകയും അരുത്. സെപ്റ്റംബർ മാസത്തിൽ സഭാ സേവനക്കമ്മിറ്റി കൂടുതൽ വയൽസേവനയോഗങ്ങൾ ക്രമീകരിച്ചേക്കാം.
-
മറ്റ് അവസരങ്ങൾ: നിങ്ങളുടെ സഭ, സാഹിത്യ കൈവണ്ടി ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിൽ ജീവിതം ആസ്വദിക്കാം ലഘുപത്രിക പ്രദർശിപ്പിക്കുക. താത്പര്യം കാണിക്കുന്നവർക്ക് ലഘുപത്രിക കൊടുക്കുമ്പോൾ നമ്മുടെ സൗജന്യ ബൈബിൾപഠനപരിപാടിയെക്കുറിച്ച് അവരോടു പറയുക. പ്രദേശത്തെ കടകളിൽ പ്രവർത്തിക്കാൻ സേവനമേൽവിചാരകൻ യോഗ്യതയുള്ള പ്രചാരകരെ നിയമിച്ചേക്കാം. നിങ്ങളുടെകൂടെ ജോലി ചെയ്യുന്നവർക്കോ അനൗപചാരികമായി സാക്ഷീകരിക്കുന്നവർക്കോ ഒക്കെ താത്പര്യമുണ്ടെന്നു മനസ്സിലാകുന്നെങ്കിൽ അവരോടു ബൈബിൾപഠനത്തിന്റെ കാര്യം പറയാം.
ആളുകളെ ‘പഠിപ്പിച്ച് ശിഷ്യരാക്കാൻ’ യേശു നമ്മളോടു കല്പിച്ചു. (മത്ത 28:19, 20) ഈ പ്രത്യേക പ്രചാരണപരിപാടിയിൽ ജീവിതം ആസ്വദിക്കാം ഉപയോഗിച്ച് ഈ ലക്ഷ്യം നേടാൻ നമുക്കു കഴിയട്ടെ!