2022 സെപ്റ്റംബർ 14
ആഗോള വാർത്തകൾ
യഹോവയുടെ സാക്ഷികൾ വീടുതോറുമുള്ള സാക്ഷീകരണം പുനരാരംഭിച്ചു
2022 സെപ്റ്റംബർ 1 മുതൽ ലോകമെങ്ങുമുള്ള യഹോവയുടെ സാക്ഷികൾ അവരുടെ മുഖമുദ്രയായ വീടുതോറുമുള്ള സാക്ഷീകരണം വീണ്ടും ആരംഭിച്ചു. വളരെ ഉത്സാഹത്തോടെയാണ് അവർ ആ പ്രവർത്തനം തുടങ്ങിയത്. ബൈബിൾപഠനത്തിന് ആളുകളെ ക്ഷണിച്ചുകൊണ്ടുള്ള ഒരു പ്രത്യേക പ്രചാരണപരിപാടിയും ഈ മാസം നടക്കുന്നുണ്ട്. വീടുതോറുമുള്ള സാക്ഷീകരണം ചെയ്ത് പരിചയമുള്ളവരാണ് പല സഹോദരങ്ങളും. അവർ അത് ഒത്തിരി ഇഷ്ടപ്പെടുന്നു. എന്നാൽ മറ്റു ചില സഹോദരങ്ങൾ ആദ്യമായിട്ടാണ് ഇത് ചെയ്യുന്നത്. പല ദേശങ്ങളിൽനിന്നുമുള്ള സഹോദരങ്ങൾക്ക് 2023 സേവനവർഷത്തിന്റെ തുടക്കത്തിൽ ലഭിച്ച ചില നല്ല അനുഭവങ്ങൾ നോക്കാം.
ജർമനി
നോർത്ത് റൈൻ-വെസ്റ്റ്ഫാലിയയിലെ പീറ്റസ് ഹോഗൻ എന്ന സ്ഥലത്തെ രണ്ടു സഹോദരിമാരാണ് നിക്കോളും ടിനയും. അവർ 2022 സെപ്റ്റംബർ 2-ാം തീയതി അപ്പാർട്ടുമെന്റുകളിൽ സാക്ഷീകരിക്കാൻ പോയി. പക്ഷേ അവിടെ ആരെയും കണ്ടെത്താനായില്ല. അവിടെനിന്ന് പോകുന്ന സമയത്ത് ഒരു ചെറുപ്പക്കാരി ഇവരെ തിരിച്ചുവിളിച്ചു. സഹോദരിമാർ വിളിച്ചപ്പോൾ വാതിൽ തുറക്കാൻ പറ്റിയില്ലെന്ന് ആ സ്ത്രീ പറഞ്ഞു. പക്ഷേ ബൈബിളിനെക്കുറിച്ച് അറിയാൻ താത്പര്യമുണ്ടെന്നു പറഞ്ഞ് ആ സ്ത്രീ ആവേശത്തോടെ തന്റെ വീട്ടിലേക്കു ക്ഷണിച്ചു. അകത്ത് ചെന്നപ്പോൾ, അൽപ്പം ഉപയോഗിച്ച് പഴകിയ വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരത്തിന്റെ ഒരു കോപ്പി മേശയിൽ ഇരിക്കുന്നത് കണ്ടു. മൂന്നു വർഷം മുമ്പ് ഇറ്റലിയിൽ ആയിരുന്നപ്പോൾ ആ സ്ത്രീക്ക് ലഭിച്ചതായിരുന്നു ഈ ബൈബിൾ. പിന്നീട് മഹാമാരിയുടെ സമയത്ത് ജർമനിയിലേക്കു വന്നു. അതുകൊണ്ട് അവർക്ക് യഹോവയുടെ സാക്ഷികളെ പിന്നെ കണ്ടുമുട്ടാൻ കഴിഞ്ഞില്ല. അവർ ഫോൺ നമ്പറുകൾ കൈമാറി, മീറ്റിങ്ങിനും ക്ഷണിച്ചു. രണ്ടു ദിവസം കഴിഞ്ഞുള്ള ഒരു മീറ്റിങ്ങിന് ആ സ്ത്രീയും മക്കളും വന്നു. അവർക്ക് ഒരു ബൈബിൾപഠനം തുടങ്ങാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്.
ഗ്വാട്ടിമാല
മാം ഭാഷാവയലിൽ പ്രത്യേക മുൻനിരസേവകരായി പ്രവർത്തിക്കുകയാണ് മാനുവലും ക്യാരൾ ഗാസ്റ്റലവും. അവർ വീടുതോറും പ്രവർത്തിച്ചുകൊണ്ടിരുന്നപ്പോൾ ഒരു സ്ത്രീയെ കണ്ടുമുട്ടി. അവർ കയറിയിരിക്കാൻ പറഞ്ഞു. ആ സ്ത്രീയുടെ കൈയിൽ ബൈബിൾ ഉണ്ടായിരുന്നെങ്കിലും ദൈവത്തിന് ഒരു പേരുണ്ടെന്ന് അറിയില്ലായിരുന്നു. ജീവിതം ആസ്വദിക്കാം പുസ്തകത്തിലെ “ദൈവം ആരാണ്?” എന്ന 4-ാം പാഠം അവരുമായി ചർച്ച ചെയ്തു. അതിലുള്ള യശയ്യ 42:8 വായിച്ചുകൊണ്ട് ദൈവത്തിന്റെ പേര് യഹോവ എന്നാണെന്ന് കാണിച്ചുകൊടുത്തു. സ്വന്തം ബൈബിളിൽനിന്ന് അതു കണ്ടപ്പോൾ അവർ കരഞ്ഞുപോയി.
ബൈബിൾ കൈയിലുള്ളതുകൊണ്ടു മാത്രം കാര്യമില്ല, അതു മനസ്സിലാക്കിയെങ്കിലേ ദൈവത്തെ അനുസരിക്കാൻ പറ്റൂ എന്ന് ആ സ്ത്രീ തിരിച്ചറിഞ്ഞു. 4-ാം പാഠം പഠിച്ചുകഴിഞ്ഞപ്പോൾ മനസ്സിലാക്കിയ കാര്യങ്ങളെക്കുറിച്ച് അവർക്ക് ഒത്തിരി വിലമതിപ്പ് തോന്നി. ഭർത്താവിനോടും അതെക്കുറിച്ച് പറയാമെന്ന് അവർ പറഞ്ഞു. ഗാസ്റ്റലം ആ ബൈബിൾപഠനം തുടരാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.
ജപ്പാൻ
യോക്കഹാമയിലെ ന്യൂക്കമോരി സഹോദരനും സഹോദരിയും ഇന്റർകോമിലൂടെ ഒരു വീട്ടിൽ സംസാരിക്കുകയായിരുന്നു. തിരിച്ച് ഒരു സ്ത്രീയാണ് സംസാരിച്ചത്. തങ്ങൾ യഹോവയുടെ സാക്ഷികളാണെന്ന് പരിചയപ്പെടുത്തിയപ്പോൾ വീടിന്റെ പുറത്തേക്കു വരാമെന്ന് അവർ പറഞ്ഞു. അൽപ്പസമയം കഴിഞ്ഞപ്പോൾ അവർ വാതിൽ തുറന്നു. എന്നിട്ട് പറഞ്ഞു, “ഞാൻ യഹോവയുടെ സാക്ഷികളെ കാത്തിരിക്കുകയായിരുന്നു!”
ഈ സ്ത്രീ നാഗസാക്കിയിൽവെച്ച് ബൈബിൾ പഠിക്കാൻ തുടങ്ങിയിരുന്നു. മഹാമാരിയുടെ സമയത്ത് യോക്കഹാമയിലേക്ക് മാറിയപ്പോൾ ബൈബിൾപഠനം സൂമിലൂടെ തുടർന്നു. കഴിഞ്ഞ ദിവസം പഠിപ്പിക്കുന്ന വ്യക്തി ഇങ്ങനെ പറഞ്ഞിരുന്നു: “സെപ്റ്റംബറിൽ ഒരു പ്രത്യേക പ്രചാരണപരിപാടിയുണ്ട്. അതുകൊണ്ട് യഹോവയുടെ സാക്ഷികളിൽ ആരെങ്കിലും നിങ്ങളുടെ വീട്ടിൽ ഉറപ്പായും എത്തും. അവരോട് നേരിട്ടുള്ള ഒരു ബൈബിൾപഠനം ആവശ്യപ്പെടണം.” പറഞ്ഞതുപോലെതന്നെ യഹോവയുടെ സാക്ഷികളെ പെട്ടെന്നു കാണാനായതിൽ ഈ വീട്ടുകാരിക്ക് ഒരുപാട് സന്തോഷം തോന്നി. അവർ മീറ്റിങ്ങിനു വരാമെന്ന് പറഞ്ഞു. ബൈബിൾപഠനത്തിനുള്ള ക്രമീകരണവും ചെയ്തു.
മെക്സിക്കോ
ഒരു ദമ്പതികൾ ഒരു സ്ത്രീയോട് ബൈബിൾപഠനത്തെക്കുറിച്ച് പറഞ്ഞു. അങ്ങനെ പറഞ്ഞപ്പോൾ ആ സ്ത്രീ വർഷങ്ങൾക്കു മുമ്പ് യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിച്ചിട്ടുണ്ടെന്നും യോഗങ്ങൾക്ക് പോയിട്ടുണ്ടെന്നും പറഞ്ഞു. പക്ഷേ പിന്നീട് സാക്ഷികളുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ബൈബിൾ നിലവാരങ്ങൾക്കനുസരിച്ച് ജീവിക്കാൻ കഴിയാത്തതുകൊണ്ട് അവരെ അന്വേഷിച്ച് കണ്ടുപിടിക്കാനും ഈ സ്ത്രീക്ക് മടി തോന്നി. അതു പറഞ്ഞിട്ട് അവർ കരയാൻ തുടങ്ങി. അപ്പോൾ ഈ ദമ്പതികൾ സങ്കീർത്തനം 10:17 അവരെ കാണിച്ചു. എന്നിട്ട് യഹോവ ഇപ്പോഴും അവരെ മറന്നിട്ടില്ലെന്ന് പറഞ്ഞു. ദൈവത്തിന്റെ നിലവാരങ്ങൾ അനുസരിച്ച് ജീവിക്കാനുള്ള ആഗ്രഹം ഉണ്ടല്ലോ എന്നു പറഞ്ഞ് അവരെ അഭിനന്ദിക്കുകയും ചെയ്തു. അങ്ങനെ ആ സ്ത്രീ ബൈബിൾപഠനത്തിന് സമ്മതിച്ചു. അവരുടെ 16 വയസ്സുള്ള മകനും ബൈബിൾ പഠിക്കാൻ താത്പര്യമുണ്ടെന്ന് അവർ പറഞ്ഞു.
അടുത്ത ദിവസം ചെന്നപ്പോൾ ഈ സ്ത്രീയും മകനും ദമ്പതികളെ കാത്തിരിക്കുകയായിരുന്നു. ജീവിതം ആസ്വദിക്കാം ലഘുപത്രികയുടെ 1-ാം പാഠം പഠിപ്പിച്ചതിനു ശേഷം അവരെ വാരാന്തയോഗത്തിനു ക്ഷണിച്ചു. അവർ വന്നെന്നു മാത്രമല്ല, ഇനിയും ബൈബിൾ പഠിക്കാനും മീറ്റിങ്ങുകൾക്ക് പങ്കെടുക്കാനും ആഗ്രഹമുണ്ടെന്നും പറഞ്ഞു.
പോർട്ടോ റീക്കോ
വീടുതോറുമുള്ള പ്രവർത്തനം പുനരാരംഭിച്ച് കഴിഞ്ഞ് ആദ്യമായി വീടുകളിൽ പോകാൻ തുടങ്ങുകയായിരുന്നു റാമൺ. താത്പര്യമുള്ള ഒരാളെ കണ്ടെത്താൻ സഹായിക്കണേ എന്ന് അദ്ദേഹം യഹോവയോടു പ്രാർഥിച്ചു. ആദ്യത്തെ വീട്ടിൽ ചെന്നപ്പോൾ ഒരു സ്ത്രീ ചെറുതായി വാതിൽ തുറന്നിട്ട്, റാമണിനെ ഒന്നു നോക്കി. അദ്ദേഹം തന്നെ പരിചയപ്പെടുത്തി. പക്ഷേ ബൈബിൾവിഷയത്തിലേക്കു കടക്കുന്നതിനു മുമ്പുതന്നെ വീട്ടുകാരി ഇങ്ങനെ പറഞ്ഞു: “യഹോവയുടെ സാക്ഷികളിൽ ആരെങ്കിലും ഒരാൾ എന്റെ അടുത്തുവരണേ എന്ന് ഞാൻ എത്ര നാളായി പ്രാർഥിക്കുന്നെന്ന് അറിയാമോ?”
പിന്നെ ആ സ്ത്രീ അവരെക്കുറിച്ച് പറഞ്ഞു. അവർ കുറച്ചു വർഷങ്ങൾക്കു മുമ്പ് സാക്ഷികളെ കണ്ടുമുട്ടിയതാണ്, മീറ്റിങ്ങുകൾക്കും പോയിട്ടുണ്ട്. പക്ഷേ ഇങ്ങോട്ട് മാറിത്താമസിച്ചശേഷം സാക്ഷികളെ ആരെയും കണ്ടെത്താനായില്ല. മഹാമാരി കാരണം വീടുതോറുമുള്ള പ്രവർത്തനം നിറുത്തി വെച്ചിരിക്കുകയായിരുന്നെന്ന് റാമൺ അവരോട് പറഞ്ഞു. പിന്നെ സങ്കീർത്തനം 37:29 വായിച്ചുകേൾപ്പിച്ചു. എന്നിട്ട് ബൈബിൾപഠനത്തെക്കുറിച്ച് അവരോട് പറഞ്ഞു. ആ സ്ത്രീ അതു സന്തോഷത്തോടെ സ്വീകരിച്ചു. ആ ബൈബിൾപഠനം റാമൺ ഒരു സഹോദരിയെ ഏൽപ്പിക്കുകയും ചെയ്തു.
ആ സംഭവത്തിനു ശേഷം സഹോദരൻ ഇങ്ങനെ പറഞ്ഞു: “കേൾക്കാൻ ആഗ്രഹിക്കുന്നവരുടെ അടുത്തേക്ക് യഹോവയും ദൂതന്മാരും നമ്മളെ വഴി നയിക്കുന്നുണ്ടെന്ന് എനിക്കു ഉറപ്പായി.”
ഐക്യനാടുകൾ
ക്യാറ്റലീൻ തോംസൺ സഹോദരി കെന്റക്കി എന്ന പ്രദേശത്ത് വീടുതോറും പ്രവർത്തിക്കുകയായിരുന്നു. ഒരു വീട്ടിലേക്ക് ചെന്നപ്പോൾ കത്തുകൾ ഇടാനുള്ള ബോക്സിന്റെ പുറത്ത് ചില തിരുവെഴുത്തുകൾ എഴുതിവെച്ചിരിക്കുന്നത് കണ്ടു. ഇനി, അവരുടെ പൂന്തോട്ടത്തിൽ “യേശു നിങ്ങളെ സ്നേഹിക്കുന്നു” എന്നൊരു ചെറിയ ബോർഡും കണ്ടു. പിന്നെ ക്യാറ്റലീൻ വീട്ടിലേക്ക് ചെന്ന് വാതിലിൽ മുട്ടി. അപ്പോൾ ഒരു സ്ത്രീ പുറത്തുവന്നു. ക്യാറ്റലീൻ അവരോട് താൻ ഒരു യഹോവയുടെ സാക്ഷിയാണെന്നും മഹാമാരി കാരണം കുറച്ചുനാളായി ഞങ്ങളുടെ അയൽക്കാരെയൊന്നും നേരിട്ട് കാണാൻ സാധിച്ചില്ലെന്നും പറഞ്ഞു. എങ്കിൽപ്പോലും ഞങ്ങൾ വീട്ടിൽ ഇരുന്നുകൊണ്ട് മറ്റുള്ളവരെ ആശ്വസിപ്പിക്കാൻവേണ്ടി ഫോൺ വിളിക്കുകയും കത്തുകൾ എഴുതുകയും ചെയ്യുമായിരുന്നു എന്നും പറഞ്ഞു. എന്നിട്ട് വീട്ടിലുള്ളവരൊക്കെ സുഖമായിരിക്കുന്നോ എന്ന് ചോദിച്ചു. അപ്പോഴാണ് മഹാമാരിയുടെ സമയത്ത് അവൾക്ക് പിതാവിനെ നഷ്ടപ്പെട്ട കാര്യം പറഞ്ഞത്. എന്നിട്ട് അവൾ പറഞ്ഞു: “പക്ഷേ ആ സമയത്ത് നിങ്ങൾ അയച്ച കത്തുകളൊക്കെ കിട്ടി. ദൈവം വേണ്ട സമയത്ത് വേണ്ട സഹായം എനിക്ക് അതിലൂടെ നൽകുകയായിരുന്നു.” പിതാവ് മരിച്ചെന്ന കാര്യം അറിഞ്ഞപ്പോൾ അതിൽ വളരെ വിഷമമുണ്ടെന്നു ക്യാറ്റലീൻ പറഞ്ഞു, സഹാനുഭൂതിയോടെ ഇടപെട്ടു. എന്നിട്ട് ജീവിതം ആസ്വദിക്കാം ലഘുപത്രികയുടെ 2-ാം പാഠം കാണിച്ചുകൊടുത്തു. പുനരുത്ഥാനത്തെക്കുറിച്ച് ആ പാഠത്തിൽ പറയുന്ന വാക്യങ്ങൾ അവരെ വായിച്ചുകേൾപ്പിച്ചു. അപ്പോൾ ആ സ്ത്രീ കരയാൻതുടങ്ങി. കാരണം കഴിഞ്ഞ വർഷം ഇതേ ദിവസം തന്നെയാണ് അവളുടെ പിതാവ് മരിച്ചുപോയത്. ആ സ്ത്രീ ക്യാറ്റലീന് തന്റെ നമ്പർ കൊടുത്തു, വീണ്ടും കാണാമെന്നും പറഞ്ഞു. പിന്നീട് ക്യാറ്റലീന് ഇങ്ങനെയൊരു മെസേജും അയച്ചു. “ഒരുപാട് നന്ദി. ഞാൻ ആകെ വിഷമിച്ചിരുന്നപ്പോഴാണ് നിങ്ങൾ വന്നത്. നിങ്ങളുടെ വാക്കുകൾ എന്നെ ശരിക്കും ആശ്വസിപ്പിച്ചു!”
വീടുതോറുമുള്ള പ്രവർത്തനം പുനരാരംഭിച്ചതിനെയും ബൈബിൾപഠനങ്ങൾ ആരംഭിക്കാനുള്ള പ്രചാരണപരിപാടിയെയും യഹോവ അനുഗ്രഹിക്കുന്നുണ്ടെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഇനിയും അനുഗ്രഹങ്ങൾക്കായി നമ്മൾ കാത്തിരിക്കുന്നു!—യോഹന്നാൻ 4:35.
ബഹാമാസ്
കാമറൂൺ
പാനമ
ഫിലിപ്പീൻസ്
ദക്ഷിണ കൊറിയ
ഐക്യനാടുകൾ