2023 നവംബർ 1
ഇന്ത്യ
കൺവെൻഷനിൽ നടന്ന സ്ഫോടനം—ഇന്ത്യയിലെ യഹോവയുടെ സാക്ഷികൾ പരസ്പരം പിന്തുണയ്ക്കുന്നു
ഇന്ത്യയിലെ കേരളത്തിൽ, 2023 ഒക്ടോബർ 29 ഞായറാഴ്ച നടന്ന മേഖലാ കൺവെൻഷനിൽ ഒന്നിലധികം സ്ഫോടനങ്ങൾ ഉണ്ടായി. അതെക്കുറിച്ച് jw.org വെബ്സൈറ്റിലെ “ഇപ്പോൾ കിട്ടിയ വാർത്ത”യിൽ റിപ്പോർട്ട് ചെയ്തിരുന്നു. സങ്കടകരമായ കാര്യം, ആദ്യം കൊല്ലപ്പെട്ട രണ്ട് സഹോദരിമാർക്ക് പുറമേ പരിക്കുകളേറ്റ 12 വയസ്സുള്ള ഒരു പെൺകുട്ടിയും മരിച്ചു. കൂടാതെ, 55 സഹോദരീസഹോദരന്മാർക്ക് പരിക്കുകളേറ്റു. ഇവരിൽ ചിലർക്ക് ഗുരുതരമായ പൊള്ളലുകളാണുള്ളത്.
ഇപ്പോൾ, മൂന്ന് സഹോദരിമാരും രണ്ട് സഹോദരന്മാരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആ ദിവസം രാവിലെ ഏകദേശം 9:40-ന് പ്രാരംഭ പ്രാർഥനയ്ക്കിടെ കുറഞ്ഞത് മൂന്ന് ബോംബുകളെങ്കിലും പൊട്ടിത്തെറിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. ഈ ക്രൂരകൃത്യത്തിന്റെ പിന്നിൽ പ്രവർത്തിച്ചെന്ന് സംശയിക്കുന്നയാൾ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്, അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു.
അടിയന്തിരസഹായം നൽകാനായി സംഭവസ്ഥലത്ത് ഉടൻ എത്തിയ രക്ഷാപ്രവർത്തകരോടും പരിക്കേറ്റവരെ ശുശ്രൂഷിക്കുന്ന ആശുപത്രി ജീവനക്കാരോടും ഞങ്ങൾ വളരെ നന്ദിയുള്ളവരാണ്.
സഹാരാധകർ കാണിച്ച സ്നേഹവും പിന്തുണയും ആ കൺവെൻഷനിൽ പങ്കെടുത്തവരെ വളരെയധികം സ്വാധീനിച്ചു. സ്ഫോടനങ്ങളുടെ സമയത്ത് ഹാളിൽ ഉണ്ടായിരുന്ന ഒരു സഹോദരി പറയുന്നു: ”ഞാൻ പെട്ടെന്നുതന്നെ യഹോവയോടു പ്രാർഥിച്ചു. സേവകന്മാരും മറ്റു സഹോദരങ്ങളും ഞങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി ഉടനടി പ്രവർത്തിച്ചു. യഹോവയ്ക്ക് നമ്മളോട് ഓരോരുത്തരോടുമുള്ള സ്നേഹവും കരുതലും ആണ് ആ സഹോദരങ്ങളിലൂടെ ഞങ്ങൾ കണ്ടത്.”
ഇന്ത്യ ബ്രാഞ്ചോഫീസിലെ പ്രതിനിധികളും സർക്കിട്ട് മേൽവിചാരകന്മാരും പ്രാദേശിക മൂപ്പന്മാരും ബാധിക്കപ്പെട്ടവർക്ക് തുടർന്നും ആത്മീയവും പ്രായോഗികവും ആയ സഹായം നൽകുന്നു. ആക്രമണത്തിന് ഇരയായ സഹോദരീസഹോദരന്മാരെ ആശ്വസിപ്പിക്കാൻ ബ്രാഞ്ചോഫീൽനിന്നും കേരളത്തിലേക്കു വന്ന ഒരു മൂപ്പൻ ഇങ്ങനെ പറയുന്നു: “ബാധിക്കപ്പെട്ട സഹോദരങ്ങൾക്ക് വളരെയധികം ഞെട്ടലും വേദനയും മാനസിക ആഘാതവും ഒക്കെ ഉണ്ടെങ്കിലും അവരുടെ നല്ല മനോഭാവം എന്നെ ശരിക്കും പ്രോത്സാഹിപ്പിച്ചു. ഞാൻ അവരിൽ പലരോടും സംസാരിച്ചിരുന്നു. അവർ യഹോവയിൽ ആശ്രയിക്കുന്നത് കണ്ടപ്പോൾ എന്റെതന്നെ വിശ്വാസമാണ് ശക്തമായത്.”
ലോകമെങ്ങുമുള്ള സഹോദരകുടുംബം മുഴുവൻ, ഇന്ത്യയിൽ നടന്ന ദുരന്തത്തിന് ഇരയായവരുടെ കുടുംബാംഗങ്ങൾക്കുവേണ്ടിയും ഇതിൽ ബാധിക്കപ്പെട്ട എല്ലാവർക്കുംവേണ്ടിയും പ്രാർഥിക്കുന്നു. അക്രമവും കഷ്ടപ്പാടും മരണവും ഒന്നും ഇല്ലാത്ത ഒരു ഭാവിയെക്കുറിച്ചുള്ള ബൈബിളിന്റെ വാഗ്ദാനത്തിൽ നമ്മൾ ആശ്വാസവും സമാധാനവും കണ്ടെത്തുന്നു. തുടർന്നും യഹോവയിൽ പൂർണമായി ആശ്രയിക്കാൻ നമുക്ക് ദൃഢനിശ്ചയം ചെയ്യാം.—സങ്കീർത്തനം 56:3.